
ജീവിതത്തിന് അര്‍ത്ഥമുണ്ട് എന്ന വിശ്വാസം ഉണ്ടാകുന്നത് എപ്പോഴാണ്? തീര്‍ച്ചയായും മനസ്സിന് സംതൃപ്തി ലഭിക്കുമ്പോള്‍ മാത്രമാണ് അപ്രകാരം അനുഭവപ്പെടുന്നത്. അങ്ങനെയുള്ള ഒരു അനുഭവം ഉണ്ടാകുന്നതിനു വേണ്ടി മനസ്സിനെ പാകപ്പെടുത്തുന്നതിനാണ് ഭാരതീയ ആചാരങ്ങള്‍ പലതും ശ്രദ്ധ പുലര്‍ത്തിയിരിക്കുന്നത്.
കൃഷിയെ ആശ്രയിച്ചു ജീവിച്ച ഒരു പൌരാണിക സംസ്കാരമാണ് നമുക്കുള്ളത്. അതിന്‍റെ അടിസ്ഥാനത്തിലാണ് ആചാരങ്ങളും ക്രമീകരിച്ചിട്ടുള്ളത്.
പ്രഭാതത്തില്‍ ഉണര്‍ന്നെണീക്കുമ്പോള്‍ മുതല്‍ ഈ ജീവിത ക്രമം ആരംഭിക്കുന്നു. പുരാതന രീതിയില്‍, യാമം എന്ന കണക്കിലാണ് സമയത്തെ ക്രമീകരിച്ചിട്ടുള്ളത്. ഒരു യാമം(Yamam) ഏഴര നാഴിക അഥവാ ഏകദേശം മൂന്നു മണിക്കൂര്‍ സമയമാകുന്നു. പുലര്‍കാലത്ത് ആദ്യയാമം സരസ്വതി യാമം ആണ്(രാത്രി അവസാനിക്കുന്ന യാമം). ഇതില്‍ മൂന്നാമത്തെ മുഹൂര്‍ത്തത്തിനു ബ്രാഹ്മ മുഹൂര്‍ത്തമെന്നു പേരാകുന്നു. ഇത് പ്രകൃതി ഉണര്‍ന്നു വരുന്ന സമയമാണ്. മനുഷ്യന്‍റെ തലച്ചോറില്‍ ഏറ്റവും ഉദ്ദീപനം ഉണ്ടാകുന്ന സമയവുമാണ്.
ആചരണം-
രാത്രേ: പശ്ചിമയാമസ്യമുഹൂര്‍ത്തോ യസ്തൃതീയക:
സ ബ്രാഹ്മ ഇതി വിജ്ഞേയോ വിഹിത: സ ച ബോധനേ
ഉദയത്തിനു രണ്ടു മണിക്കൂറോളം മുന്‍പേയുള്ള ഈ സമയത്ത് ഉണരണം. ഈ സമയത്ത് വലതുവശം തിരിഞ്ഞെഴുന്നേല്‍ക്കണം എന്നാണ് ആചാരം. എഴുന്നേറ്റ ഉടന്‍ നിലത്തേക്ക് ചവിട്ടരുത്. കിടക്കയില്‍ അല്‍പനേരം ഇരിക്കണം. രാത്രി മുഴുവന്‍ വിശ്രമിച്ച ശരീരത്തിലെ വിവിധ അവയവങ്ങള്‍ ഉണരാനും ശരീരം ഭൂമിയുടെ ചലനവുമായി തുലനാവസ്ഥ പ്രാപിക്കുന്നതിനുമാണ് ഇത്. ഊര്‍ജ്ജപ്രവാഹം ക്രമീകരിക്കാനാണെന്ന് യോഗ ശാസ്ത്രം പറയുന്നു. അബോധത്തില്‍ നിന്ന് ബോധത്തിലേക്കുള്ള ഉണര്‍വ് എന്ന് നാഡി ശാസ്ത്രവും വിശദീകരിക്കുന്നു.
അടുത്തതായി, കൈകള്‍ രണ്ടും അഭിമുഖമായി പിടിച്ച് കൈകളിലേയ്ക്കു നോക്കി മന്ത്രം ജപിയ്ക്കണം.
കരാഗ്രേ വസതേ ലക്ഷ്മി
കരമദ്ധ്യേ സരസ്വതി
കരമൂലേ സ്ഥിതേ ഗൗരി
പ്രഭാതേ കരദര്‍ശനം
(കരമൂലേതി ഗോവിന്ദ എന്ന് പാഠഭേദം)
കയ്യുടെ അഗ്രഭാഗത്ത് ലക്ഷ്മിദേവിയും കൈവെള്ളയുടെ മദ്ധ്യഭാഗത്ത് സരസ്വതിയും കരമൂലത്തില്‍ ഗൗരിയും സ്ഥിതി ചെയ്യുന്നതായി ഞാന്‍ കരുതുന്നു. ഈ ദേവിമാരെ കണികണ്ടുകൊണ്ടു പ്രഭാതത്തില്‍ കരദര്‍ശനം നടത്തി ഞാന്‍ ദിവസം ആരംഭിക്കുന്നു. ഈ ദിനം ശുഭദിനം എന്ന പ്രതീക്ഷയോടെയാണ് ദിവസം തുടങ്ങുന്നതെന്ന് സാരം.
എഴുന്നേറ്റു പാദങ്ങള്‍ ഭൂമിയില്‍ സ്പര്‍ശിയ്ക്കുമ്പോള്‍ അടുത്ത മന്ത്രം ജപിയ്ക്കണം.
സമുദ്രവസനേ ദേവി
പര്‍വ്വത സ്തനമണ്ഡലേ
വിഷ്ണുപത്നെ നമസ്തുഭ്യം
പാദസ്പര്‍ശം ക്ഷമസ്വമേ
സമുദ്രത്തിനേ വസ്ത്രമാക്കിയും പര്‍വ്വതങ്ങളെ സ്തനങ്ങളാക്കിയും വസിയ്ക്കുന്നവളും ശ്രീമഹാവിഷ്ണുവിന്‍റെ പ്രിയപത്നി യായിരിയ്ക്കുന്നവളുമായ ദേവിയെ നമിക്കുന്നു. പാദസ്പര്‍ശം സദയം ക്ഷമിച്ചാലും.
ശൌചം, സ്നാനം - മലമൂത്രവിസര്‍ജ്ജനം ഗൃഹവാസ്തുവില്‍ പാടില്ല. അഥവാ ഗൃഹത്തോടടുത്താവരുത് എന്നാണു ശാസ്ത്രവിധി. ഇപ്പോഴുള്ള അറ്റാച്ച്ഡ് ബാത്ത്റൂം ഭാരതീയ വിശ്വാസ പ്രമാണം അനുസരിച്ച് വര്‍ജ്ജ്യമാണ്. ഉമിക്കരി, വേപ്പിന്‍ കമ്പ് ചതച്ചത്, പഴുത്തമാവില, അല്ലെങ്കില്‍ ഉപ്പും ,കുരുമുളകും കൂട്ടിപ്പൊടിച്ചതൊക്കെയാണു ദന്തശോധനക്ക് ആരോഗ്യകരം. വീട്ടുവാതില്‍ക്കല്‍ നിന്നും അടുക്കളയില്‍ നിന്നും ക്ഷേത്ര സമീപത്തു നിന്നും പല്ല് തേക്കരുത്. എണ്ണ തേച്ചുള്ള മുങ്ങിക്കുളിയാണ് വേണ്ടത്. അതും സൂര്യോദയത്തിനു മുമ്പ് വേണം. സ്ത്രീകള്‍ ശരീര നഗ്നത കാട്ടരുത് എന്നതും ആചാരത്തിന്‍റെ ഭാഗമാണ്.
മാതൃ പിതൃ വന്ദനം - പിന്നെ ചെന്ന് പ്രത്യക്ഷ ദൈവമായ അമ്മയെയും അച്ഛനെയും വണങ്ങണം .
ഈശ്വരപൂജ (തേവാരം)- മതാചാര പ്രകാരമുള്ള പ്രാര്‍ത്ഥന നടത്തണം. ഹൈന്ദവ രീതിയില്‍, നിലവിളക്ക് തെളിയിച്ചു ദൈവത്തെ പ്രാര്‍ഥിക്കണം.
സൂര്യാരാധന - ഉദിച്ചു വരുന്ന സൂര്യദേവനെ വണങ്ങണം. ഇത് ഭാരതത്തില്‍ മാത്രമല്ല, പല രാജ്യങ്ങളിലും നിലനില്‍ക്കുന്ന ഒന്നാണ്.
കുറി, ചന്ദനം - കുളിച്ചാല് കുറിയിടണം എന്നതാണ് ആചാരം. സ്ത്രീകള്‍ ഭസ്മം നനച്ച് തൊടരുത്. പുരുഷന്മാര്‍ രാവിലെ നനച്ചും, വൈകിട്ട് നനയ്ക്കാതെയുമാണു ഭസ്മം തൊടേണ്ടത്. വിവാഹിതകള്‍ സിന്ദൂരം ധരിക്കണം.
വസ്ത്രധാരണം - അലക്കി വൃത്തിയാക്കിയ ശുഭ വസ്ത്രങ്ങള്‍ ധരിക്കണം. ദേഹവും വസ്ത്രവും എപ്പോഴും വൃത്തിയായി വെക്കണം. മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിക്കരുത്.
ആഭരണ ധാരണം- ഭാരതീയ രീതി സ്വര്‍ണ്ണം ഉപയോഗിക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നത്. അരയ്ക്ക് താഴെ വെള്ളിയാഭരണങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് വിശ്വാസം. സ്വര്‍ണ്ണ പാദസ്വരം ധരിക്കുന്നത് നിന്ദാസൂചകമായി പറയപ്പെടുന്നു.
ക്ഷേത്ര ദര്‍ശനം- ക്ഷേത്ര ദർശനം പതിവാക്കുന്നത് നന്ന്. ക്ഷേത്ര നടയില്‍ നിന്ന് തൊഴുമ്പോള്‍ ഇടത്തോ വലത്തോ ചേര്‍ന്ന് കുമ്പിട്ടു നിന്ന് തൊഴണം. ക്ഷേത്രത്തില്‍ നിന്നു ലഭിക്കുന്ന തീര്‍ത്ഥം വാങ്ങി ഒന്നോ രണ്ടോ തുള്ളി സേവിച്ചതിനു ശേഷം ശിരസ്സില്‍ തളിക്കുക. തീര്‍ത്ഥം സേവിക്കുമ്പോള്‍ ചുണ്ടില്‍ തട്ടാന്‍ ഇടവരരുത്. സേവിച്ചതിനു ശേഷമുള്ള തീര്‍ത്ഥത്തില്‍ നിന്ന് ഒരു തുള്ളി പോലും താഴെ വീഴരുത്. ചന്ദനം ക്ഷേത്രത്തിനു വെളിയില്‍ ഇറങ്ങിയേ അണിയാവൂ എന്നതാണ് ചിട്ട. അര്‍ച്ചനാ പുഷ്പം വാങ്ങി തലയില്‍ ആണ് അണിയേണ്ടത്. ക്ഷേത്ര പ്രദക്ഷിണം കഴിഞ്ഞു ഉടനെ പുറത്തിറങ്ങാതെ, അൽപസമയം ക്ഷേത്രത്തിൽ ഇരിക്കണം. ഈ സമയത്ത് നാമം ജപിക്കാം.
ദിനാരംഭത്തില്‍ കണികാണുന്നത് ഒരു ആചാര ഭാഗമാണ്. പ്രഭാതത്തില്‍ കുട്ടിയോട് കൂടിയ പശുവിനെ കണികാണുന്നത് ഐശ്വര്യപ്രദമായി കരുതുന്നു. ദീപത്തോട് കൂടിയ നിലവിളക്ക്, സ്വര്‍ണ്ണാഭരണങ്ങള്‍, വലം പിരി ശംഖ്, പുരാണ ഗ്രന്ഥം, തുടങ്ങിയവയും മംഗളപ്രദമായ കണികളായി കണക്കാക്കുന്നു.
ഇത്രയും നിഷ്ഠകള്‍ മനസ്സിനും ശരീരത്തിനും ഉണര്‍വ് നല്‍കും എന്ന് പറയേണ്ടതില്ലല്ലോ. ഇങ്ങനെ പാകമാക്കിയ ശരീരവുമായിട്ടാണ് വിവിധ ജോലികള്‍ക്കായി ആളുകള്‍ പുറത്തേക്ക് ഇറങ്ങിയിരുന്നത്. ഓരോ ആചാരത്തിന്‍റെയും പിന്നില്‍ ആയുര്‍വേദ തത്വങ്ങളും ഉണ്ട് എന്നത് പ്രത്യേകം മനസ്സിലാക്കേണ്ടതുമാണ്.