Wednesday, December 19, 2018

സുപ്രഭാതം (Good Morning!)



Image result for ക്ഷേത്രദര്‍ശനം image

ജീവിതത്തിന് അര്‍ത്ഥമുണ്ട് എന്ന വിശ്വാസം ഉണ്ടാകുന്നത് എപ്പോഴാണ്? തീര്‍ച്ചയായും മനസ്സിന് സംതൃപ്തി ലഭിക്കുമ്പോള്‍ മാത്രമാണ് അപ്രകാരം അനുഭവപ്പെടുന്നത്. അങ്ങനെയുള്ള ഒരു അനുഭവം ഉണ്ടാകുന്നതിനു വേണ്ടി മനസ്സിനെ പാകപ്പെടുത്തുന്നതിനാണ് ഭാരതീയ ആചാരങ്ങള്‍ പലതും ശ്രദ്ധ പുലര്‍ത്തിയിരിക്കുന്നത്.
കൃഷിയെ ആശ്രയിച്ചു ജീവിച്ച ഒരു പൌരാണിക സംസ്കാരമാണ് നമുക്കുള്ളത്. അതിന്‍റെ അടിസ്ഥാനത്തിലാണ് ആചാരങ്ങളും ക്രമീകരിച്ചിട്ടുള്ളത്.
പ്രഭാതത്തില്‍ ഉണര്‍ന്നെണീക്കുമ്പോള്‍ മുതല്‍ ഈ ജീവിത ക്രമം ആരംഭിക്കുന്നു. പുരാതന രീതിയില്‍, യാമം എന്ന കണക്കിലാണ് സമയത്തെ ക്രമീകരിച്ചിട്ടുള്ളത്. ഒരു യാമം(Yamam) ഏഴര നാഴിക അഥവാ ഏകദേശം മൂന്നു മണിക്കൂര്‍ സമയമാകുന്നു. പുലര്‍കാലത്ത്‌ ആദ്യയാമം സരസ്വതി യാമം ആണ്(രാത്രി അവസാനിക്കുന്ന യാമം). ഇതില്‍ മൂന്നാമത്തെ മുഹൂര്‍ത്തത്തിനു ബ്രാഹ്മ മുഹൂര്‍ത്തമെന്നു പേരാകുന്നു. ഇത് പ്രകൃതി ഉണര്‍ന്നു വരുന്ന സമയമാണ്. മനുഷ്യന്‍റെ തലച്ചോറില്‍ ഏറ്റവും ഉദ്ദീപനം ഉണ്ടാകുന്ന സമയവുമാണ്. 

ആചരണം- 
രാത്രേ: പശ്ചിമയാമസ്യമുഹൂര്‍ത്തോ യസ്തൃതീയക:
സ ബ്രാഹ്മ ഇതി വിജ്ഞേയോ വിഹിത: സ ച ബോധനേ

ഉദയത്തിനു രണ്ടു മണിക്കൂറോളം മുന്‍പേയുള്ള ഈ സമയത്ത് ഉണരണം. ഈ സമയത്ത് വലതുവശം തിരിഞ്ഞെഴുന്നേല്‍ക്കണം എന്നാണ് ആചാരം. എഴുന്നേറ്റ ഉടന്‍ നിലത്തേക്ക് ചവിട്ടരുത്.  കിടക്കയില്‍ അല്‍പനേരം ഇരിക്കണം. രാത്രി മുഴുവന്‍ വിശ്രമിച്ച ശരീരത്തിലെ വിവിധ അവയവങ്ങള്‍ ഉണരാനും ശരീരം ഭൂമിയുടെ ചലനവുമായി തുലനാവസ്ഥ പ്രാപിക്കുന്നതിനുമാണ് ഇത്. ഊര്‍ജ്ജപ്രവാഹം ക്രമീകരിക്കാനാണെന്ന് യോഗ ശാസ്ത്രം പറയുന്നു. അബോധത്തില്‍ നിന്ന് ബോധത്തിലേക്കുള്ള ഉണര്‍വ് എന്ന് നാഡി ശാസ്ത്രവും വിശദീകരിക്കുന്നു.

അടുത്തതായി, കൈകള്‍ രണ്ടും അഭിമുഖമായി പിടിച്ച് കൈകളിലേയ്ക്കു നോക്കി മന്ത്രം ജപിയ്ക്കണം.
കരാഗ്രേ വസതേ ലക്ഷ്മി
കരമദ്ധ്യേ സരസ്വതി
കരമൂലേ സ്ഥിതേ ഗൗരി
പ്രഭാതേ കരദര്‍ശനം

(കരമൂലേതി ഗോവിന്ദ എന്ന് പാഠഭേദം)
കയ്യുടെ അഗ്രഭാഗത്ത് ലക്ഷ്മിദേവിയും കൈവെള്ളയുടെ മദ്ധ്യഭാഗത്ത് സരസ്വതിയും കരമൂലത്തില്‍ ഗൗരിയും സ്ഥിതി ചെയ്യുന്നതായി ഞാന്‍ കരുതുന്നു. ഈ ദേവിമാരെ കണികണ്ടുകൊണ്ടു പ്രഭാതത്തില്‍ കരദര്‍ശനം നടത്തി ഞാന്‍ ദിവസം ആരംഭിക്കുന്നു. ഈ ദിനം ശുഭദിനം എന്ന പ്രതീക്ഷയോടെയാണ് ദിവസം തുടങ്ങുന്നതെന്ന് സാരം.
എഴുന്നേറ്റു പാദങ്ങള്‍ ഭൂമിയില്‍ സ്പര്‍ശിയ്ക്കുമ്പോള്‍ അടുത്ത മന്ത്രം ജപിയ്ക്കണം. 

സമുദ്രവസനേ ദേവി
പര്‍‌വ്വത സ്തനമണ്ഡലേ
വിഷ്ണുപത്നെ നമസ്തുഭ്യം
പാദസ്പര്‍ശം ക്ഷമസ്വമേ
സമുദ്രത്തിനേ വസ്ത്രമാക്കിയും പര്‍‌വ്വതങ്ങളെ സ്തനങ്ങളാക്കിയും വസിയ്ക്കുന്നവളും ശ്രീമഹാവിഷ്ണുവിന്‍റെ പ്രിയപത്നി യായിരിയ്ക്കുന്നവളുമായ ദേവിയെ നമിക്കുന്നു. പാദസ്പര്‍ശം സദയം ക്ഷമിച്ചാലും.
ശൌചം, സ്നാനം - മലമൂത്രവിസര്‍ജ്ജനം ഗൃഹവാസ്തുവില്‍ പാടില്ല. അഥവാ ഗൃഹത്തോടടുത്താവരുത്‌ എന്നാണു ശാസ്ത്രവിധി. ഇപ്പോഴുള്ള അറ്റാച്ച്ഡ് ബാത്ത്റൂം ഭാരതീയ വിശ്വാസ പ്രമാണം അനുസരിച്ച് വര്‍ജ്ജ്യമാണ്‌. ഉമിക്കരി, വേപ്പിന്‍ കമ്പ് ചതച്ചത്, പഴുത്തമാവില, അല്ലെങ്കില്‍ ഉപ്പും ,കുരുമുളകും കൂട്ടിപ്പൊടിച്ചതൊക്കെയാണു ദന്തശോധനക്ക്‌ ആരോഗ്യകരം. വീട്ടുവാതില്‍ക്കല്‍ നിന്നും അടുക്കളയില്‍ നിന്നും ക്ഷേത്ര സമീപത്തു നിന്നും പല്ല് തേക്കരുത്‌. എണ്ണ തേച്ചുള്ള മുങ്ങിക്കുളിയാണ് വേണ്ടത്. അതും സൂര്യോദയത്തിനു മുമ്പ്‌ വേണം. സ്ത്രീകള്‍ ശരീര നഗ്നത കാട്ടരുത്‌ എന്നതും ആചാരത്തിന്‍റെ ഭാഗമാണ്.
മാതൃ പിതൃ വന്ദനം - പിന്നെ ചെന്ന് പ്രത്യക്ഷ ദൈവമായ അമ്മയെയും അച്ഛനെയും വണങ്ങണം .
ഈശ്വരപൂജ (തേവാരം)- മതാചാര പ്രകാരമുള്ള പ്രാര്‍ത്ഥന നടത്തണം. ഹൈന്ദവ രീതിയില്‍, നിലവിളക്ക് തെളിയിച്ചു ദൈവത്തെ പ്രാര്‍ഥിക്കണം.
സൂര്യാരാധന - ഉദിച്ചു വരുന്ന സൂര്യദേവനെ വണങ്ങണം. ഇത് ഭാരതത്തില്‍ മാത്രമല്ല, പല രാജ്യങ്ങളിലും നിലനില്‍ക്കുന്ന ഒന്നാണ്.
കുറി, ചന്ദനം - കുളിച്ചാല് കുറിയിടണം എന്നതാണ് ആചാരം. സ്ത്രീകള്‍ ഭസ്മം നനച്ച്‌ തൊടരുത്‌. പുരുഷന്മാര്‍ രാവിലെ നനച്ചും, വൈകിട്ട്‌ നനയ്ക്കാതെയുമാണു ഭസ്മം തൊടേണ്ടത്‌. വിവാഹിതകള്‍ സിന്ദൂരം ധരിക്കണം.
വസ്ത്രധാരണം - അലക്കി വൃത്തിയാക്കിയ ശുഭ വസ്ത്രങ്ങള്‍ ധരിക്കണം. ദേഹവും വസ്ത്രവും എപ്പോഴും വൃത്തിയായി വെക്കണം. മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിക്കരുത്.
ആഭരണ ധാരണം- ഭാരതീയ രീതി സ്വര്‍ണ്ണം ഉപയോഗിക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നത്. അരയ്ക്ക്‌ താഴെ വെള്ളിയാഭരണങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് വിശ്വാസം. സ്വര്‍ണ്ണ പാദസ്വരം ധരിക്കുന്നത് നിന്ദാസൂചകമായി പറയപ്പെടുന്നു.
ക്ഷേത്ര ദര്‍ശനം- ക്ഷേത്ര ദർശനം പതിവാക്കുന്നത് നന്ന്. ക്ഷേത്ര നടയില്‍ നിന്ന് തൊഴുമ്പോള്‍ ഇടത്തോ വലത്തോ ചേര്‍ന്ന് കുമ്പിട്ടു നിന്ന് തൊഴണം. ക്ഷേത്രത്തില്‍ നിന്നു ലഭിക്കുന്ന തീര്‍ത്ഥം വാങ്ങി ഒന്നോ രണ്ടോ തുള്ളി സേവിച്ചതിനു ശേഷം ശിരസ്സില്‍ തളിക്കുക. തീര്‍ത്ഥം സേവിക്കുമ്പോള്‍ ചുണ്ടില്‍ തട്ടാന്‍ ഇടവരരുത്‌. സേവിച്ചതിനു ശേഷമുള്ള തീര്‍ത്ഥത്തില്‍ നിന്ന് ഒരു തുള്ളി പോലും താഴെ വീഴരുത്‌. ചന്ദനം ക്ഷേത്രത്തിനു വെളിയില്‍ ഇറങ്ങിയേ അണിയാവൂ എന്നതാണ് ചിട്ട. അര്‍ച്ചനാ പുഷ്പം വാങ്ങി തലയില്‍ ആണ് അണിയേണ്ടത്. ക്ഷേത്ര പ്രദക്ഷിണം കഴിഞ്ഞു ഉടനെ പുറത്തിറങ്ങാതെ, അൽപസമയം ക്ഷേത്രത്തിൽ ഇരിക്കണം. ഈ സമയത്ത് നാമം ജപിക്കാം.

ദിനാരംഭത്തില്‍ കണികാണുന്നത് ഒരു ആചാര ഭാഗമാണ്. പ്രഭാതത്തില്‍ കുട്ടിയോട് കൂടിയ പശുവിനെ കണികാണുന്നത്‌ ഐശ്വര്യപ്രദമായി കരുതുന്നു. ദീപത്തോട്‌ കൂടിയ നിലവിളക്ക്‌, സ്വര്‍ണ്ണാഭരണങ്ങള്‍, വലം പിരി ശംഖ്‌, പുരാണ ഗ്രന്ഥം, തുടങ്ങിയവയും മംഗളപ്രദമായ കണികളായി കണക്കാക്കുന്നു.

ഇത്രയും നിഷ്ഠകള്‍ മനസ്സിനും ശരീരത്തിനും ഉണര്‍വ് നല്‍കും എന്ന് പറയേണ്ടതില്ലല്ലോ. ഇങ്ങനെ പാകമാക്കിയ ശരീരവുമായിട്ടാണ് വിവിധ ജോലികള്‍ക്കായി ആളുകള്‍ പുറത്തേക്ക് ഇറങ്ങിയിരുന്നത്. ഓരോ ആചാരത്തിന്‍റെയും പിന്നില്‍ ആയുര്‍വേദ തത്വങ്ങളും ഉണ്ട് എന്നത് പ്രത്യേകം മനസ്സിലാക്കേണ്ടതുമാണ്.


Friday, November 16, 2018

ഹിന്ദു ഗൃഹം (A Traditional Hindu Home)


ഹിന്ദു ഗൃഹം ഗൃഹസ്ഥാശ്രമികള്‍ക്ക് മാനസികവും ശാരീരികവുമായ ഐശ്വര്യവും സന്തോഷവും ഉത്സാഹവും നല്‍കുന്ന വിധത്തില്‍ സൂക്ഷിക്കേണ്ടതാണ്. അത് ക്ഷേത്രമല്ല. എന്നാല്‍ ക്ഷേത്രം പോലെ ശുദ്ധവും നിര്‍മ്മലവും ആയിരിക്കണം. ഗൃഹം വാസ്തുവിദ്യയനുസരിച്ച് വേണം എന്നാണ് അനുഷ്ഠാനം. പക്ഷെ ആധുനിക കാലത്ത് അത് മുഴുവന്‍ പ്രായോഗികമല്ല. 

എല്ലാദിവസവും കിടപ്പുമുറി ഉള്‍പ്പടെ തുടച്ചു വൃത്തിയാക്കി ഉപയോഗിക്കണം. നിലവിളക്ക് കൊളുത്തുന്ന സ്ഥലത്ത് യാതൊരു കാരണവശാലും ഭക്ഷണ അവശിഷ്ടമോ മലിന വസ്തുക്കളോ കൊണ്ട് വരാന്‍ പാടില്ല. ഓണം, പിറന്നാള്‍ തുടങ്ങിയ ദിവസങ്ങളില്‍ ചിലയിടത്ത് നിലവിളക്കിനു മുന്‍പില്‍ നാക്കിലയില്‍ ആദ്യം സദ്യ വിളമ്പുന്ന പതിവുണ്ട്. അവ എടുത്തു മാറ്റിയാല്‍ ഉടന്‍ തന്നെ അവിടം തളിച്ച് ശുദ്ധി വരുത്തേണ്ടതാണ്. അടുക്കളയിലും പൂര്‍ണ്ണ ശുദ്ധി പാലിക്കണം. അവശിഷ്ടങ്ങള്‍ എല്ലാ ദിവസവും നീക്കം ചെയ്തു വൃത്തിയാക്കണം. കിടപ്പുമുറിയില്‍ മലിനമായ തുണികള്‍ ഇടരുത്. 

വീടിന്‍റെ പരിസരങ്ങള്‍ കാട് കയറി കിടക്കാന്‍ പാടില്ല. 

താഴെ പറയുന്ന വസ്തുക്കള്‍ (ഉപകരണങ്ങള്‍) ഗൃഹത്തില്‍ ഉണ്ടായിരിക്കണം.

1. നിലവിളക്ക്
ഒരു ഹിന്ദു ഗൃഹത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഏറ്റവും പ്രധാന വസ്തുവാണ് നിലവിളക്ക്. ഓടുകൊണ്ട് തന്നെയുള്ള നിലവിളക്ക് ഉപയോഗിക്കണം എന്നാണ് വൈദ്യമതം. വിളക്ക് തീരെ ചെറുതും വളരെ വലുതുമാകരുത്. നിലവിളക്കിന്‍റെ കൂമ്പ് ഭംഗിയുള്ള താഴികക്കുടം പോലെ വേണം എന്നും അത് എണ്ണ ഒഴിക്കുന്ന ഭാഗത്ത് നിന്നും വേര്‍പെട്ട് നില്‍ക്കുന്നതാകരുത് എന്നുമാണ് പ്രമാണം. 

നിലവിളക്കില്‍ യാതൊരുവിധ അലങ്കാരവസ്തുക്കളും പിടിപ്പിക്കരുത്. നിലവിളക്ക് നിത്യവും ഭക്തിയോടും ശുദ്ധിയോടും തെളിയിക്കുന്ന വീടുകളില്‍ ഐശ്വര്യം താനേ വന്ന് ചേരും. പൂജാ കര്‍മ്മങ്ങള്‍ക്ക് ഉള്ളത് പോലെ വിളക്കില്‍ പൂമാല ചാര്‍ത്തേണ്ടതില്ല. പൂജാ കര്‍മങ്ങളില്‍ വിളക്ക് കൊളുത്തിവയ്ക്കാന്‍ പ്രത്യേക സ്ഥാനങ്ങളും സങ്കല്പങ്ങളുമുണ്ട്. ഗൃഹത്തില്‍ വിളക്കുവയ്ക്കുമ്പോള്‍ ഉമ്മറത്താണ് സ്ഥാനം. വിളക്കിലെ പ്രകാശം പശുക്കള്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും കാണാനാവുന്ന വിധം വേണം ദീപം തെളിയിക്കാന്‍. വിളക്ക് വയ്ക്കാന്‍ തടികൊണ്ടുള്ള ഒരു പീഠം ഉണ്ടായിരിക്കണം. നിലവിളക്ക് തറയില്‍ വയ്ക്കരുത്. ശുദ്ധമാക്കിയ പരുത്തി തുണി തിരി ഉണ്ടാക്കാന്‍ ഉപയോഗിക്കണം.

2. ഭര ദേവതാ ചിത്രം 

ഗൃഹത്തിന്‍റെ ഉമ്മറത്ത് നിലവിളക്ക് തെളിയിക്കുന്ന സ്ഥാനത്ത് ഭരദേവതയുടെ (അല്ലെങ്കില്‍ നാം നിത്യവും ആശ്രയിക്കുന്ന ദേവതയുടെ) ഒരു ചിത്രം അലങ്കരിച്ചുവയ്ക്കണം. നിലവിളക്കിന്‍റെ പ്രകാശം അതില്‍ ലഭിക്കുന്ന വിധം ക്രമീകരിക്കണം. ചിത്രം വെറും നിലത്തു വയ്ക്കരുത്. ഭിത്തിയില്‍ ഉറപ്പിക്കുകയാണെങ്കില്‍ അടിവശത്ത് താങ്ങ് നല്‍കണം. ആണിയില്‍ വെറുതെ തൂക്കിയിട്ട് കാറ്റില്‍ ആടുന്നത് ഒഴിവാക്കണം. 


3. ആത്മീയ ഗ്രന്ഥങ്ങള്‍ 

രാമായണം, ശ്രീമദ്‌ ഭാഗവതം, ദേവീമാഹാത്മ്യം എന്നീ ഗ്രന്ഥങ്ങള്‍ നിശ്ചയമായും നിലവിളക്കിനു മുന്നില്‍ ഉണ്ടായിരിക്കണം. മഹാഭാരതത്തിന്‍റെ കാര്യത്തില്‍ അഭിപ്രായ ഭിന്നതയുണ്ട്. എങ്കിലും അത് ഒരു ആത്മീയ ശാസ്ത്ര ഗ്രന്ഥമാണ്. പൊതുവേ ഗ്രന്ഥം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത് ദേവീമാഹാത്മ്യമാണ് എന്നു ആചാര്യന്മാര്‍ പറഞ്ഞിട്ടുണ്ട്. മറ്റുള്ളവ ഇതിഹാസങ്ങള്‍ കൂടിയാണ്. ഇരുന്നു ജപിക്കാന്‍ ഒരു ആവണപ്പലക നല്ലതാണ്.

4. ഭസ്മ ചന്ദനാദികള്‍

ക്ഷേത്രദര്‍ശനത്തിനു സാധിക്കാതെവരുന്ന ദിവസങ്ങളില്‍ സ്നാനശേഷം അണിയാനുള്ള ഭസ്മം, ചന്ദനം, കുങ്കുമം ഇവ ശുദ്ധമായ സ്ഥലത്തു സൂക്ഷിക്കുക. ചന്ദനം അരച്ചെടുക്കാന്‍ ഒരു ചാണ ഉള്ളത് നല്ലതാണ്.


5. തുളസിത്തറ

വീടിന്‍റെ കിഴക്കുവശത്ത്‌ തുളസിത്തറ വേണം എന്നാണ് വാസ്തുശാസ്ത്രം അനുശാസിക്കുന്നത്. . വീടിന്‍റെ ഉമ്മറ വാതിലിനു നേരെയാണ് (മധ്യരേഖയില്‍ പാടില്ല) തുളസിത്തറ വരേണ്ടത്. ഗൃഹത്തിന്‍റെ വലിപ്പവും മുറ്റത്തിന്‍റെ വലിപ്പവും നോക്കി അതിനു യോജിച്ച കണക്കനുസരിച്ചുള്ള വലിപ്പം തുളസിത്തറയ്ക്ക് വേണം. തുളസിത്തറ പവിത്രമാണ്. അത് അശുദ്ധമാകാതെ സൂക്ഷിക്കണം. തുളസിക്ക് രാവിലെയും വൈകിട്ടും വെള്ളം ഒഴിക്കണം. ജലം നല്‍കുമ്പോള്‍ 'നമോസ്തുളസി കല്യാണി...' തുടങ്ങിയ സ്തോത്രങ്ങള്‍ ജപിക്കണം. തുളസിയില്‍ തട്ടിവരുന്ന കാറ്റില്‍ ധാരാളം പ്രാണോര്‍ജവും ഔഷധ മൂലകങ്ങളും ഉണ്ട്. ആ കാറ്റ് ഗൃഹത്തിനുള്ളിലേക്ക് വരത്തക്ക വിധമാണ് തുളസിത്തറ പണിയേണ്ടത്. ഉമ്മറ വാതിലിനുനേര്‍ക്ക് ആ ഉയരത്തില്‍ വേണം തറ. തുളസി ഉണങ്ങാന്‍ ഇടവരരുത്. തുളസിപ്പൂവ് പറിച്ച് നേരെ ചൂടരുത്. ദേവതയ്ക്ക് സമര്‍പ്പിച്ച പൂവേ അണിയാവൂ എന്നാണ് പ്രമാണം. 


6. കതിര്‍ക്കുല, പറ 

നിറഞ്ഞ നെല്‍ക്കറ്റ ഐശ്വര്യത്തിന്‍റെ പ്രതീകമാണ്. നെല്ല് നിറച്ച പറയും ഐശ്വര്യം നല്‍കുന്നു. ചിലയിടങ്ങളില്‍ ഇവ പൂമുഖത്ത് വയ്ക്കാറുണ്ട്. 

7. കിണ്ടി 

ഓടു കൊണ്ടുള്ള ഒരു കിണ്ടിയില്‍ ജലം നിറച്ച് വയ്ക്കണം.

8. പ്രാര്‍ഥനാ സ്ഥലം 

ദേവതകളെ മനസ്സില്‍ ധ്യാനിച്ച്‌ ഏകാഗ്രമായി നിന്ന് പ്രാര്‍ഥിക്കുവാന്‍ ഗൃഹത്തില്‍ ഒരു പ്രത്യേക സ്ഥലം.


9. കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്നു ഭജിക്കണം എന്നാണ് പ്രമാണം. ഒരുമിച്ചിരുന്ന് ഈശ്വരഭജനം നടത്തുന്നത്തിന് ഇരിപ്പിടമായി ഉപയോഗിക്കാന്‍ ഒരു പുല്‍പ്പായ ഉണ്ടായിരിക്കണം. എല്ലാ ദിവസവും പ്രാര്‍ത്ഥന നടത്തണം.

10. ഒരു കൈവിളക്ക് (കൊടി വിളക്ക്)

തീപ്പെട്ടി (ലാമ്പ്) കത്തിച്ചു നേരെ നിലവിളക്കിലേക്ക് കൊളുത്താന്‍ പാടില്ല എന്നും ആദ്യം കൈ വിളക്ക് കൊളുത്തിയ ശേഷം അതില്‍ നിന്നും ദീപം പകരണം എന്നുമാണ് ആചാരം.


Wednesday, November 14, 2018

ഹിന്ദുമതവും ദൈവ സങ്കല്പവും (The Hindu View on God)


സമകാലിക സാമൂഹ്യ സാഹചര്യത്തില്‍ ഹിന്ദു മതത്തെ സംബന്ധിച്ച് ലോകത്തില്‍ ഉണ്ടായിട്ടുള്ള പ്രധാന ചോദ്യം ഇതാണ്. ഹിന്ദു മതത്തില്‍ ഒട്ടേറെ ദൈവങ്ങള്‍ ഉണ്ട്. 'മുപ്പത്തിമുക്കോടി' ദൈവങ്ങളെ ആരാധിക്കുന്ന രീതിയാണ്  അവിടെ  ഉള്ളത് എന്ന് പറയപ്പെടുന്നു. കൂടാതെ, ഓരോരോ ജാതിക്കും ഓരോരോ ദൈവം. അപ്പോള്‍ പ്രപഞ്ചത്തില്‍ ഒന്നിലേറെ ദൈവം ഉണ്ടോ? ബഹുദൈവാരാധനയുടെ അടിസ്ഥാനം എന്താണ്? ചോദ്യം ഇപ്പോഴും തുടരുന്നു.

ആദ്യമായി എല്ലാ ജനങ്ങളും (ഹിന്ദുക്കള്‍ ഉള്‍പ്പടെ) മനസ്സിലാക്കേണ്ട അടിസ്ഥാന കാര്യം ഇതാണ്. ഹിന്ദു മത സങ്കല്പത്തില്‍ ബഹുദൈവങ്ങളില്ല. ഒരേ ഒരു ദൈവം മാത്രമേ ഉള്ളൂ. ഹിന്ദുമതം വിവിധ കാലങ്ങളില്‍ ഉണ്ടായിട്ടുള്ള സെമറ്റിക് മതങ്ങള്‍ പോലെ ഒരു ചട്ടക്കൂടില്‍ ഒതുങ്ങുന്ന മതമല്ല. ഒരു തരം ധാര്‍മിക ജീവിത രീതിയാണ് ഹിന്ദുമതം. ഒരേ ഒരു ഈശ്വരനില്‍ വിശ്വസിക്കുന്നു എന്ന് മാത്രമല്ല ആ ഈശ്വരനില്‍നിന്ന് അന്യമായി പ്രപഞ്ചത്തില്‍ ഒന്നുംതന്നെയില്ലെന്നുള്ള പ്രഖ്യാപനവും 'ഞാന്‍' എന്ന വ്യക്തി തന്നെ ഈശ്വരനില്‍ നിന്നും ഭിന്നമല്ല എന്ന സങ്കല്പവും എനിക്കുള്ളത് (പ്രപഞ്ചത്തില്‍ ഉള്ളവ) എല്ലാമായി തീര്‍ന്നിരിക്കുന്നത് ഒരു ഏക സ്രോതസ്സില്‍ നിന്നുള്ള ഊര്‍ജ്ജ പ്രതിഭാസമാണ് എന്നുമുള്ള സങ്കല്‍പവും മറ്റൊരു മതത്തിലും ഉണ്ടാവില്ല. മാത്രമല്ല, ഹിന്ദു മതത്തില്‍ ദൈവം എന്ന് വിവക്ഷിക്കുന്ന ശക്തിക്ക് രൂപമോ ഗന്ധമോ നിറമോ ഇല്ല. അത് ഇന്ദ്രിയാതീതമാണ്. അതെ സമയം എല്ലായിടത്തും ഉണ്ട്. എന്നില്‍ ഏതു ശക്തിയാണ് ഊര്‍ജമായി വര്‍ത്തിക്കുന്നത് അത് തന്നെയാണ് മറ്റുള്ള മനുഷ്യരിലും എല്ലാത്തിലും (സചേതനവും അചേതനവും) പ്രവര്‍ത്തിക്കുന്നത്. അതിനെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന പദമാണ് ബ്രഹ്മം (The Eternal ). 

ബ്രഹ്മത്തില്‍ നിന്നാണ് പരമാത്മ ചൈതന്യം എന്ന അനുഭവിക്കാന്‍ മാത്രം കഴിയുന്ന ഇന്ദ്രിയാതീത അനുഭൂതിയുടെ തുടക്കം. പരമാത്മ ചൈതന്യം എന്ന അനുഭവം ഈശ്വരന്‍തന്നെയാണെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നു ഹിന്ദു. പ്രപഞ്ചം ആകെ നിറഞ്ഞ ചൈതന്യമാണ് ഈശ്വരന്‍. ഈശ്വരന്‍ (ദൈവം) നാമത്തിനും രൂപത്തിനും അതീതനാണ്. എങ്കിലും ഭക്തനെ അനുഗ്രഹിക്കാന്‍ ഈശ്വരന്‍ വിവിധ രൂപങ്ങള്‍ സ്വീകരിക്കുന്നു. എത്ര രൂപം വേണമെങ്കിലും സ്വീകരിക്കാം. എത്ര ഭാവങ്ങള്‍ വേണമെങ്കിലും കൈക്കൊള്ളാം. കാറ്റ് ഇളം തെന്നലും കൊടുങ്കാറ്റും ആകുന്നതുപോലെ, വൈദ്യുതി അത് ഉപയോഗിക്കുന്നതനുസരിച്ച് വെളിച്ചവും ചൂടും തണുപ്പും ശബ്ദവും ആകുന്നതുപോലെ ഇരുമ്പ് പാത്രവും ആയുധവും തീവണ്ടി പാളവും ആകുന്നതുപോലെ, സ്വര്‍ണ്ണം ആഭരണവും ഇലക്ട്രോണിക് ഭാഗവും ആകുന്നതുപോലെ പരബ്രഹ്മവും പല രൂപം സ്വീകരിക്കുന്നതായി നമുക്ക് അനുഭവപ്പെടുന്നു. ഏതു രൂപം സ്വീകരിച്ചാലും വസ്തു ഒന്നുതന്നെ. 

ഇനി സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഇതില്‍ ഓരോ രൂപത്തിനും വിവിധ ഭാവങ്ങള്‍ ഉള്ളതായി കാണാം. വെള്ളത്തിന് നീരാവിയാകാനും മഞ്ഞുകട്ടയാകാനും സാധിക്കുന്നതുപോലെ. ശിവന്‍ ജ്ഞാന മൂര്‍ത്തിയാകുമ്പോള്‍ ദക്ഷിണാമൂര്‍ത്തിയാണ്. ഘോര രൂപം കൈവരിക്കുമ്പോള്‍ അഘോര ശിവനും. ദേവി പാര്‍വതീ രൂപത്തില്‍ അമ്മയാണ്; കുടുംബിനിയുമാണ്. ഭദ്രകാളി അതിഘോര മൂര്‍ത്തിയും. യക്ഷി അനുഗ്രഹ ദായിനിയായ മോഹിനി യക്ഷിയും രക്തദാഹിയായ ഘോരമൂര്‍ത്തിയായും രൂപം പ്രാപിക്കുന്നു. ഇതെല്ലാം യഥാര്‍ത്ഥത്തില്‍ നടക്കുന്നത് ഭാവനാശാലികള്‍ ആയ മനുഷ്യരുടെ മനസ്സിലാണ്. ഈശ്വരന് (ബ്രഹ്മം) സഗുണഭാവവും നിര്‍ഗുണഭാവവും സ്വീകരിക്കാന്‍ കഴിയും. അങ്ങനെ ഒരേ ഈശ്വരന്‍ തന്നെ ഗണപതി, ശാസ്താവ്, ഭദ്രകാളി, ബ്രഹ്മാവ്, വിഷ്ണു, ശിവന്‍, മുരുകന്‍ തുടങ്ങിയ പല സഗുണ ഭാവങ്ങളിലും പല സഗുണ രൂപങ്ങളിലും ആരാധിക്കപ്പെടുന്നു. യഥാര്‍ത്ഥ ഹിന്ദു വിശ്വാസം അനുസരിച്ച് താനും ഈശ്വരനും രണ്ടല്ല, ഒന്നാണ് എന്നുള്ള ഏകത്വഭാവത്തില്‍ (Oneness) വേണം ഭക്തന്‍ ഈശ്വരനെ (ദൈവത്തെ) ആരാധിക്കാന്‍ എന്നാണ് പ്രമാണം. 

മനുഷ്യര്‍ ഓരോരുത്തരുടെയും അഭിരുചികള്‍ വ്യത്യസ്തമാണ്. അവര്‍ തലമുറകളായി ആര്‍ജ്ജിച്ച സംസ്കാരങ്ങളും അവര്‍ ജനിച്ചു വളര്‍ന്നുവന്ന ചുറ്റുപാടുകളും നേടിയ അറിവും മാനസിക തലങ്ങളും ചിന്താഗതിയും സൌഹൃദ ബന്ധങ്ങളും വ്യത്യസ്തങ്ങളാണ്. അതായത്, ഭൌതികമായി ഓരോ ജീവ വസ്തുവും അജൈവ വസ്തുവും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ, ഓരോരുത്തരുടെയും അഭിരുചിക്കും മാനസികവളര്‍ച്ചക്കും അനുസൃതമായി ഈശ്വരനെ (ബ്രഹ്മം) ഏതു ഭാവത്തിലും ഏതു രൂപത്തിലും ആരാധിക്കുവാനുള്ള സ്വാതന്ത്രം ഹിന്ദുമതത്തിലുണ്ട്. അഥവാ രൂപം വേണ്ടാത്തവര്‍ക്ക് അങ്ങനെയും ആകാം. അതാണ്‌ നിര്‍ഗുണ ബ്രഹ്മ ആരാധന. ഹിന്ദുമതത്തില്‍, പല രൂപത്തിലും ഭാവത്തിലും സാഹചര്യത്തിലുമുള്ള ഈശ്വരഭാവങ്ങള്‍ ഉടലെടുത്തത് ഇക്കാരണത്താലാണ്. അല്ലാതെ അനേകം ദൈവങ്ങള്‍ വസിക്കുന്ന, അവ തമ്മില്‍ ഉച്ച നീചത്വം പുലര്‍ത്തുന്ന ഒരു കോട്ട ഒന്നുമല്ല ഹിന്ദുമതം. യഥാര്‍ത്ഥ ഹിന്ദു വിശ്വാസം പരമമായ സ്വാതന്ത്ര്യമാണ്. താന്‍ തന്നെയാണ് ദൈവം എന്ന് തിരിച്ചറിയുന്ന പരമമായ ജ്ഞാനം.

'മുപ്പത്തി മുക്കോടി ദൈവങ്ങള്‍' എന്നത് ഒരു ആപേക്ഷികമായ കണക്കാണ്. ഒരു പക്ഷെ, യാതൊരു വിധത്തിലുള്ള ജനസംഖ്യാ കണക്കെടുപ്പുമില്ലാത്ത കാലത്ത് സ്വര്‍ഗ്ഗം, ഭൂമി, പാതാളം എന്നിവിടങ്ങളിലായി നൂറു കോടി ജനസംഖ്യ ഉണ്ടെന്നു കണക്കാക്കി അതില്‍ 33 കോടി വരുന്ന (മൂന്നിലൊന്നു ഭാഗം) മനുഷ്യര്‍ക്ക്‌ ഓരോരുത്തര്‍ക്കും ഓരോ മൂര്‍ത്തി എന്ന അര്‍ത്ഥത്തില്‍ പൊതുവേ പറഞ്ഞു വന്ന ഒരു ആചാരമാണിത്. പ്രപഞ്ചത്തിലാകെയുള്ള ഏകദേശം നൂറു കോടി വരുന്ന ദേവന്മാര്‍, അസുരന്മാര്‍, മനുഷ്യര്‍ എന്നിവരേ മൂന്നു ഭാഗമാക്കി അതില്‍, ദേവന്മാര്‍ 33 കോടിയുണ്ട് എന്ന രീതിയില്‍ പണ്ട് കണക്കാക്കിയതാവാം എന്നും അഭിപ്രായം ഉണ്ട്. അത് മനുഷ്യ ഭാവന മാത്രമാണ്.

അഭിപ്രായം പലവിധം ഉണ്ടാകാം. ആരാധനാരീതികള്‍ വ്യത്യസ്തമാകാം. അതിന്‍റെ പേരില്‍ ഹിന്ദു മതം ബഹുദൈവ ആരാധനയുടെ മതമാണ്‌ എന്ന് പറയുന്നത് ശുദ്ധ അബദ്ധം എന്നേപറയേണ്ടൂ. അദ്വൈതം (Advaitha) ജനിച്ച നാട്ടില്‍ തന്നെ ഇത്തരം ഒരു ആരോപണം ഉണ്ടായത് തികച്ചും വിചിത്രം തന്നെയാണ്.

തൈത്തിരീയ ഉപനിഷത്ത് ഇപ്രകാരം പറയുന്നു.

ഓം ശം നോ മിത്രഃ ശം വരുണഃ ।
ശം നോ ഭവത്വര്യ ।
ശം ന ഇന്ദ്രോ ബ്രിഹസ്പതിഃ ।
ശം നോ വിഷ്ണുരുരുക്രമഃ ।
നമോ ബ്രഹ്മണേ | നമസ്തേ വായോ ।
ത്വമേവപ്രത്യക്ഷം ബ്രഹ്മാസി ।
ത്വമേവപ്രത്യക്ഷം ബ്രഹ്മ വദിഷ്യാമി । 
ഋതം വദിഷ്യാമി സത്യം വദിഷ്യാമി ।
തന്മാവതു ।
തദ്വക്താരമവതു 
അവതുമം ।
അവതു വക്താരം ।
ഓം ! ശാന്തി ! ശാന്തി ! ശാന്തിഃ

(പ്രഥമാനുവകത്തിൽ ഭിന്നഭിന്ന ശക്തികളുടെ അധിഷ്ഠിതാവായ പരബ്രഹ്മ പരമേശ്വരനെ ഭിന്നങ്ങളായ രൂപങ്ങളിലും നാമങ്ങളിലും സ്തുതിച്ചുകൊണ്ട് അദ്ദേഹത്തോട് പ്രാർത്ഥിക്കുന്നു). ആധിഭൗതിക, ആധ്യാത്മിക, ആധിദൈവിക ശക്തിയുടെ രൂപത്തിലും അതേപോലെ അവയുടെ അധിഷ്ഠിതാക്കളായ മിത്രൻ, വരുണൻ, മുതലായ ദേവതകളുടെ രൂപത്തിലും യാതൊന്നു അഖിലത്തിന്‍റെയും ആത്മാവ് അന്തര്യാമിയായ പരമേശ്വനായിരിക്കുന്നുവോ അദ്ദേഹം എല്ലാപ്രകാരത്തിലും നമുക്ക് പ്ര്യത്യക്ഷമായിരിക്കേണമേ. എല്ലാത്തിന്‍റെയും അന്തര്യാമിയായ ആ ബ്രഹ്മത്തെ നമസ്കരിക്കുന്നു

ഹിന്ദുമതത്തില്‍ ജാത്യധിഷ്ഠിത വിവേചനം പുരാതന കാലം മുതല്‍ ഉണ്ടായിരുന്നു എന്നതും തികച്ചും തെറ്റായ ആരോപണമാണ്. അതെല്ലാം ഏതാനും നൂറ്റാണ്ടുകള്‍ക്കു മുന്‍പ് മാത്രം കൂട്ടിചേര്‍ത്ത അനാചാരങ്ങള്‍ ആണ്. ഭാരതം പല സാമ്രാജ്യങ്ങളുടെയും ഭരണത്തിന്‍ കീഴില്‍ ആയിരുന്ന കാലത്തുള്ള സാമൂഹ്യ മാറ്റങ്ങള്‍ ആണ് അവ. കഠോപനിഷത്തിലെ പ്രസിദ്ധമായ ശാന്തിമന്ത്രം ഹിന്ദു മതത്തിലുണ്ടായിരുന്ന ഏകീകൃത ജീവിത സ്വഭാവത്തിന്‍റെ വ്യക്തമായ തെളിവാണ്.

ഓം സഹനാവവതു, സഹനൌ ഭുനക്തു, സഹവീര്യം കരവാവഹൈ. തേജസ്വിനാവധീതമസ്തു മാ വിദ്വിഷാവഹൈ. ഓം, ശാന്തി, ശാന്തി, ശാന്തിഃ.

ഹിന്ദുത്വം (The Hindu Concept)



ഭാരതം എന്ന ഉപ ഭൂഖണ്ഡം മനുഷ്യ സംസ്കാരത്തിന്‍റെയും പുരാതന നാഗരികതയുടെയും ഉറവിടമാണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്‍റെ വടക്കുപടിഞ്ഞാറ് ഭാഗത്ത്, ഇന്നത്തെ ഇന്ത്യയിലും പാകിസ്താനിലുമായി സിന്ധുനദീതടങ്ങളിൽ ബി.സി. 3300 മുതൽ ബി.സി. 1700 വരെ നിലവിലുണ്ടായിരുന്ന ജനവാസവ്യവസ്ഥയാണ് സിന്ധൂനദീതടസംസ്കാരം (The Indus Valley Civilization). വേദകാലത്തിനും സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പു തന്നെ ഈ സംസ്കാരം പ്രബലമായിരുന്നു. സിന്ധു നദിയുടെ പേരിൽ നിന്നുമാണ് ഹിന്ദു എന്ന വാക്കിന്‍റെ ഉത്ഭവം എന്നാണ് വിശ്വസിക്കപ്പെടുന്നത്. പേര്‍ഷ്യന്‍ സഞ്ചാരികളാണ് ആദ്യമായി സൈന്ധവ ജനതയെ സൂചിപ്പിക്കാന്‍ 'ഹിന്ദു' എന്ന പദം ഉപയോഗിച്ചത് എന്ന് കരുതപ്പെടുന്നു.

ഹിന്ദു എന്നത് യഥാര്‍ത്ഥത്തില്‍ മതം എന്നതിലുപരിയായി ഒരു ഇന്ത്യൻ ധാര്‍മ്മിക സംഹിത അഥവാ ഒരു ധാര്‍മ്മിക ജീവിത രീതിയാണ്. 

ഹിന്ദു ധർമം എന്നത് ഭാരത ഉപഭൂഖ ഖണ്ഡത്തിൽ ഉടലെടുത്ത മതപരവും ദാർശനികവുംസാംസ്കാരികവുമായ വ്യവസ്ഥകളുടെ ഒരു സഞ്ചയമാണ്. 

ലോകത്തിലെ ഏറ്റവും വലിയ മതങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഹിന്ദു മതം. ലോക ജനസംഖ്യയിൽ ഏകദേശം 92 കോടി ആൾക്കാർ ഹിന്ദുക്കളാണ് 

ഹിന്ദുമതത്തിലെ ദൈവസങ്കൽപ്പവും, വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും വിവിധ ദേശങ്ങളില്‍ വ്യത്യാസപ്പെട്ട് കാണാറുണ്ട്. എങ്കിലും പൊതുവായി ബ്രഹ്മം (The Brahman), പരമാത്മാവ് (The God), ഭഗവാൻ(Male Deity), ഭഗവതി (Female Deity) തുടങ്ങിയ ഈശ്വരസങ്കല്പവും ഇതേ ആരാധനാ മൂര്‍ത്തികളുടെ വിവിധ ഭാവങ്ങളിലുള്ള ദേവതാസങ്കൽപ്പങ്ങളും കാണാം. ഇതാണ് സഗുണാരാധന എന്ന് അറിയപ്പെടുന്നത്. ബ്രഹ്മം എന്ന രൂപ രഹിതവും ഗുണരഹിതവുമായ ആത്മീയ സങ്കല്‍പം ഹിന്ദുത്വത്തിലെ ഏറ്റവും ഉയര്‍ന്ന ചിന്താധാരയാണ്. ഈ ദേവതകളെ ആരാധിക്കുന്നതിന് "ഓം" എന്ന ശബ്ദം പൊതുവായി ഉപയോഗിക്കാറുണ്ട്. 

ശൈവം, വൈഷ്ണവം, ശാക്തേയം, സൌരം, കൌമാരം, ഗാണപത്യം, ചാർവാകം എന്നിവയാണ് സുപ്രധാന ചിന്താ ധാരകള്‍. ബ്രഹ്മത്തില്‍ നിന്നും രൂപം കൊള്ളുന്ന ജീവാത്മായ മനുഷ്യൻ (വിശാലമായ അര്‍ത്ഥത്തില്‍    എല്ലാ ജീവജാലങ്ങളും) സ്വധര്‍മ്മം പൂര്‍ത്തീകരിച്ച് തിരികെ പരമാത്മാവിൽ ലയിക്കുന്നത് അഥവാ മോക്ഷപ്രാപ്തിയാണ് ഹിന്ദുധർമത്തിന്‍റെ  മുഖ്യ ലക്ഷ്യമായി വിലയിരുത്തപ്പെടുന്നത്. ഈശ്വരനിൽ (The God) വിശ്വസിച്ചില്ലെങ്കില്‍ പോലും ജീവിതത്തില്‍  സത്യസന്ധതയും  ധർമ്മവും പാലിച്ചു ജീവിക്കുന്ന വ്യക്തികൾക്ക് മോക്ഷപ്രാപ്തിക്ക് അർഹതയുണ്ടെന്ന് ഭാരതീയഹൈന്ദവർ വിശ്വസിക്കുന്നു. കല്ലിലും മുള്ളിലും തൂണിലും തുരുമ്പിലും   പരമാത്മ ചൈതന്യം കുടികൊള്ളുന്നു എന്നതാണ് അടിസ്ഥാന വിശ്വാസം.   ഓരോ വ്യക്തിക്കും ഇഷ്ടമുള്ള രീതിയിൽ ഭഗവാനെ ആരാധിക്കുവാനും ആരാധിക്കാതിരിക്കാനും ഹിന്ദുധർമം അനുവദിക്കുന്നു. സ്വന്തം ആരാധനാ മൂര്‍ത്തിയെ സ്വയം  സൃഷ്ടിച്ച്  പ്രാര്‍ഥിക്കാനുള്ള സ്വാതന്ത്ര്യം മറ്റൊരു മതത്തിനും ഇല്ലാത്ത സവിശേഷതയാണ്.