ഹിന്ദു ഗൃഹം ഗൃഹസ്ഥാശ്രമികള്‍ക്ക് മാനസികവും ശാരീരികവുമായ ഐശ്വര്യവും സന്തോഷവും ഉത്സാഹവും നല്‍കുന്ന വിധത്തില്‍ സൂക്ഷിക്കേണ്ടതാണ്. അത് ക്ഷേത്രമല്ല. എന്നാല്‍ ക്ഷേത്രം പോലെ ശുദ്ധവും നിര്‍മ്മലവും ആയിരിക്കണം. ഗൃഹം വാസ്തുവിദ്യയനുസരിച്ച് വേണം എന്നാണ് അനുഷ്ഠാനം. പക്ഷെ ആധുനിക കാലത്ത് അത് മുഴുവന്‍ പ്രായോഗികമല്ല.
എല്ലാദിവസവും കിടപ്പുമുറി ഉള്‍പ്പടെ തുടച്ചു വൃത്തിയാക്കി ഉപയോഗിക്കണം. നിലവിളക്ക് കൊളുത്തുന്ന സ്ഥലത്ത് യാതൊരു കാരണവശാലും ഭക്ഷണ അവശിഷ്ടമോ മലിന വസ്തുക്കളോ കൊണ്ട് വരാന്‍ പാടില്ല. ഓണം, പിറന്നാള്‍ തുടങ്ങിയ ദിവസങ്ങളില്‍ ചിലയിടത്ത് നിലവിളക്കിനു മുന്‍പില്‍ നാക്കിലയില്‍ ആദ്യം സദ്യ വിളമ്പുന്ന പതിവുണ്ട്. അവ എടുത്തു മാറ്റിയാല്‍ ഉടന്‍ തന്നെ അവിടം തളിച്ച് ശുദ്ധി വരുത്തേണ്ടതാണ്. അടുക്കളയിലും പൂര്‍ണ്ണ ശുദ്ധി പാലിക്കണം. അവശിഷ്ടങ്ങള്‍ എല്ലാ ദിവസവും നീക്കം ചെയ്തു വൃത്തിയാക്കണം. കിടപ്പുമുറിയില്‍ മലിനമായ തുണികള്‍ ഇടരുത്.
വീടിന്‍റെ പരിസരങ്ങള്‍ കാട് കയറി കിടക്കാന്‍ പാടില്ല.
താഴെ പറയുന്ന വസ്തുക്കള്‍ (ഉപകരണങ്ങള്‍) ഗൃഹത്തില്‍ ഉണ്ടായിരിക്കണം.
1. നിലവിളക്ക്
ഒരു ഹിന്ദു ഗൃഹത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഏറ്റവും പ്രധാന വസ്തുവാണ് നിലവിളക്ക്. ഓടുകൊണ്ട് തന്നെയുള്ള നിലവിളക്ക് ഉപയോഗിക്കണം എന്നാണ് വൈദ്യമതം. വിളക്ക് തീരെ ചെറുതും വളരെ വലുതുമാകരുത്. നിലവിളക്കിന്‍റെ കൂമ്പ് ഭംഗിയുള്ള താഴികക്കുടം പോലെ വേണം എന്നും അത് എണ്ണ ഒഴിക്കുന്ന ഭാഗത്ത് നിന്നും വേര്‍പെട്ട് നില്‍ക്കുന്നതാകരുത് എന്നുമാണ് പ്രമാണം.
നിലവിളക്കില്‍ യാതൊരുവിധ അലങ്കാരവസ്തുക്കളും പിടിപ്പിക്കരുത്. നിലവിളക്ക് നിത്യവും ഭക്തിയോടും ശുദ്ധിയോടും തെളിയിക്കുന്ന വീടുകളില്‍ ഐശ്വര്യം താനേ വന്ന് ചേരും. പൂജാ കര്‍മ്മങ്ങള്‍ക്ക് ഉള്ളത് പോലെ വിളക്കില്‍ പൂമാല ചാര്‍ത്തേണ്ടതില്ല. പൂജാ കര്‍മങ്ങളില്‍ വിളക്ക് കൊളുത്തിവയ്ക്കാന്‍ പ്രത്യേക സ്ഥാനങ്ങളും സങ്കല്പങ്ങളുമുണ്ട്. ഗൃഹത്തില്‍ വിളക്കുവയ്ക്കുമ്പോള്‍ ഉമ്മറത്താണ് സ്ഥാനം. വിളക്കിലെ പ്രകാശം പശുക്കള്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും കാണാനാവുന്ന വിധം വേണം ദീപം തെളിയിക്കാന്‍. വിളക്ക് വയ്ക്കാന്‍ തടികൊണ്ടുള്ള ഒരു പീഠം ഉണ്ടായിരിക്കണം. നിലവിളക്ക് തറയില്‍ വയ്ക്കരുത്. ശുദ്ധമാക്കിയ പരുത്തി തുണി തിരി ഉണ്ടാക്കാന്‍ ഉപയോഗിക്കണം.
2. ഭര ദേവതാ ചിത്രം
ഗൃഹത്തിന്‍റെ ഉമ്മറത്ത് നിലവിളക്ക് തെളിയിക്കുന്ന സ്ഥാനത്ത് ഭരദേവതയുടെ (അല്ലെങ്കില്‍ നാം നിത്യവും ആശ്രയിക്കുന്ന ദേവതയുടെ) ഒരു ചിത്രം അലങ്കരിച്ചുവയ്ക്കണം. നിലവിളക്കിന്‍റെ പ്രകാശം അതില്‍ ലഭിക്കുന്ന വിധം ക്രമീകരിക്കണം. ചിത്രം വെറും നിലത്തു വയ്ക്കരുത്. ഭിത്തിയില്‍ ഉറപ്പിക്കുകയാണെങ്കില്‍ അടിവശത്ത് താങ്ങ് നല്‍കണം. ആണിയില്‍ വെറുതെ തൂക്കിയിട്ട് കാറ്റില്‍ ആടുന്നത് ഒഴിവാക്കണം.
3. ആത്മീയ ഗ്രന്ഥങ്ങള്‍
രാമായണം, ശ്രീമദ് ഭാഗവതം, ദേവീമാഹാത്മ്യം എന്നീ ഗ്രന്ഥങ്ങള്‍ നിശ്ചയമായും നിലവിളക്കിനു മുന്നില്‍ ഉണ്ടായിരിക്കണം. മഹാഭാരതത്തിന്‍റെ കാര്യത്തില്‍ അഭിപ്രായ ഭിന്നതയുണ്ട്. എങ്കിലും അത് ഒരു ആത്മീയ ശാസ്ത്ര ഗ്രന്ഥമാണ്. പൊതുവേ ഗ്രന്ഥം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ദേവീമാഹാത്മ്യമാണ് എന്നു ആചാര്യന്മാര്‍ പറഞ്ഞിട്ടുണ്ട്. മറ്റുള്ളവ ഇതിഹാസങ്ങള്‍ കൂടിയാണ്. ഇരുന്നു ജപിക്കാന്‍ ഒരു ആവണപ്പലക നല്ലതാണ്.
4. ഭസ്മ ചന്ദനാദികള്‍
ക്ഷേത്രദര്‍ശനത്തിനു സാധിക്കാതെവരുന്ന ദിവസങ്ങളില്‍ സ്നാനശേഷം അണിയാനുള്ള ഭസ്മം, ചന്ദനം, കുങ്കുമം ഇവ ശുദ്ധമായ സ്ഥലത്തു സൂക്ഷിക്കുക. ചന്ദനം അരച്ചെടുക്കാന്‍ ഒരു ചാണ ഉള്ളത് നല്ലതാണ്.
5. തുളസിത്തറ
വീടിന്‍റെ കിഴക്കുവശത്ത് തുളസിത്തറ വേണം എന്നാണ് വാസ്തുശാസ്ത്രം അനുശാസിക്കുന്നത്. . വീടിന്‍റെ ഉമ്മറ വാതിലിനു നേരെയാണ് (മധ്യരേഖയില്‍ പാടില്ല) തുളസിത്തറ വരേണ്ടത്. ഗൃഹത്തിന്‍റെ വലിപ്പവും മുറ്റത്തിന്‍റെ വലിപ്പവും നോക്കി അതിനു യോജിച്ച കണക്കനുസരിച്ചുള്ള വലിപ്പം തുളസിത്തറയ്ക്ക് വേണം. തുളസിത്തറ പവിത്രമാണ്. അത് അശുദ്ധമാകാതെ സൂക്ഷിക്കണം. തുളസിക്ക് രാവിലെയും വൈകിട്ടും വെള്ളം ഒഴിക്കണം. ജലം നല്‍കുമ്പോള്‍ 'നമോസ്തുളസി കല്യാണി...' തുടങ്ങിയ സ്തോത്രങ്ങള്‍ ജപിക്കണം. തുളസിയില്‍ തട്ടിവരുന്ന കാറ്റില്‍ ധാരാളം പ്രാണോര്‍ജവും ഔഷധ മൂലകങ്ങളും ഉണ്ട്. ആ കാറ്റ് ഗൃഹത്തിനുള്ളിലേക്ക് വരത്തക്ക വിധമാണ് തുളസിത്തറ പണിയേണ്ടത്. ഉമ്മറ വാതിലിനുനേര്‍ക്ക് ആ ഉയരത്തില്‍ വേണം തറ. തുളസി ഉണങ്ങാന്‍ ഇടവരരുത്. തുളസിപ്പൂവ് പറിച്ച് നേരെ ചൂടരുത്. ദേവതയ്ക്ക് സമര്‍പ്പിച്ച പൂവേ അണിയാവൂ എന്നാണ് പ്രമാണം.
6. കതിര്‍ക്കുല, പറ
നിറഞ്ഞ നെല്‍ക്കറ്റ ഐശ്വര്യത്തിന്‍റെ പ്രതീകമാണ്. നെല്ല് നിറച്ച പറയും ഐശ്വര്യം നല്‍കുന്നു. ചിലയിടങ്ങളില്‍ ഇവ പൂമുഖത്ത് വയ്ക്കാറുണ്ട്.
7. കിണ്ടി
ഓടു കൊണ്ടുള്ള ഒരു കിണ്ടിയില്‍ ജലം നിറച്ച് വയ്ക്കണം.
8. പ്രാര്‍ഥനാ സ്ഥലം
ദേവതകളെ മനസ്സില്‍ ധ്യാനിച്ച് ഏകാഗ്രമായി നിന്ന് പ്രാര്‍ഥിക്കുവാന്‍ ഗൃഹത്തില്‍ ഒരു പ്രത്യേക സ്ഥലം.
9. കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്നു ഭജിക്കണം എന്നാണ് പ്രമാണം. ഒരുമിച്ചിരുന്ന് ഈശ്വരഭജനം നടത്തുന്നത്തിന് ഇരിപ്പിടമായി ഉപയോഗിക്കാന്‍ ഒരു പുല്‍പ്പായ ഉണ്ടായിരിക്കണം. എല്ലാ ദിവസവും പ്രാര്‍ത്ഥന നടത്തണം.
10. ഒരു കൈവിളക്ക് (കൊടി വിളക്ക്)
തീപ്പെട്ടി (ലാമ്പ്) കത്തിച്ചു നേരെ നിലവിളക്കിലേക്ക് കൊളുത്താന്‍ പാടില്ല എന്നും ആദ്യം കൈ വിളക്ക് കൊളുത്തിയ ശേഷം അതില്‍ നിന്നും ദീപം പകരണം എന്നുമാണ് ആചാരം.
No comments:
Post a Comment