സമകാലിക സാമൂഹ്യ സാഹചര്യത്തില്‍ ഹിന്ദു മതത്തെ സംബന്ധിച്ച് ലോകത്തില്‍ ഉണ്ടായിട്ടുള്ള പ്രധാന ചോദ്യം ഇതാണ്. ഹിന്ദു മതത്തില്‍ ഒട്ടേറെ ദൈവങ്ങള്‍ ഉണ്ട്. 'മുപ്പത്തിമുക്കോടി' ദൈവങ്ങളെ ആരാധിക്കുന്ന രീതിയാണ് അവിടെ ഉള്ളത് എന്ന് പറയപ്പെടുന്നു. കൂടാതെ, ഓരോരോ ജാതിക്കും ഓരോരോ ദൈവം. അപ്പോള്‍ പ്രപഞ്ചത്തില്‍ ഒന്നിലേറെ ദൈവം ഉണ്ടോ? ബഹുദൈവാരാധനയുടെ അടിസ്ഥാനം എന്താണ്? ചോദ്യം ഇപ്പോഴും തുടരുന്നു.
ആദ്യമായി എല്ലാ ജനങ്ങളും (ഹിന്ദുക്കള്‍ ഉള്‍പ്പടെ) മനസ്സിലാക്കേണ്ട അടിസ്ഥാന കാര്യം ഇതാണ്. ഹിന്ദു മത സങ്കല്പത്തില്‍ ബഹുദൈവങ്ങളില്ല. ഒരേ ഒരു ദൈവം മാത്രമേ ഉള്ളൂ. ഹിന്ദുമതം വിവിധ കാലങ്ങളില്‍ ഉണ്ടായിട്ടുള്ള സെമറ്റിക് മതങ്ങള്‍ പോലെ ഒരു ചട്ടക്കൂടില്‍ ഒതുങ്ങുന്ന മതമല്ല. ഒരു തരം ധാര്‍മിക ജീവിത രീതിയാണ് ഹിന്ദുമതം. ഒരേ ഒരു ഈശ്വരനില്‍ വിശ്വസിക്കുന്നു എന്ന് മാത്രമല്ല ആ ഈശ്വരനില്‍നിന്ന് അന്യമായി പ്രപഞ്ചത്തില്‍ ഒന്നുംതന്നെയില്ലെന്നുള്ള പ്രഖ്യാപനവും 'ഞാന്‍' എന്ന വ്യക്തി തന്നെ ഈശ്വരനില്‍ നിന്നും ഭിന്നമല്ല എന്ന സങ്കല്പവും എനിക്കുള്ളത് (പ്രപഞ്ചത്തില്‍ ഉള്ളവ) എല്ലാമായി തീര്‍ന്നിരിക്കുന്നത് ഒരു ഏക സ്രോതസ്സില്‍ നിന്നുള്ള ഊര്‍ജ്ജ പ്രതിഭാസമാണ് എന്നുമുള്ള സങ്കല്‍പവും മറ്റൊരു മതത്തിലും ഉണ്ടാവില്ല. മാത്രമല്ല, ഹിന്ദു മതത്തില്‍ ദൈവം എന്ന് വിവക്ഷിക്കുന്ന ശക്തിക്ക് രൂപമോ ഗന്ധമോ നിറമോ ഇല്ല. അത് ഇന്ദ്രിയാതീതമാണ്. അതെ സമയം എല്ലായിടത്തും ഉണ്ട്. എന്നില്‍ ഏതു ശക്തിയാണ് ഊര്‍ജമായി വര്‍ത്തിക്കുന്നത് അത് തന്നെയാണ് മറ്റുള്ള മനുഷ്യരിലും എല്ലാത്തിലും (സചേതനവും അചേതനവും) പ്രവര്‍ത്തിക്കുന്നത്. അതിനെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന പദമാണ് ബ്രഹ്മം (The Eternal ).
ബ്രഹ്മത്തില്‍ നിന്നാണ് പരമാത്മ ചൈതന്യം എന്ന അനുഭവിക്കാന്‍ മാത്രം കഴിയുന്ന ഇന്ദ്രിയാതീത അനുഭൂതിയുടെ തുടക്കം. പരമാത്മ ചൈതന്യം എന്ന അനുഭവം ഈശ്വരന്‍തന്നെയാണെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നു ഹിന്ദു. പ്രപഞ്ചം ആകെ നിറഞ്ഞ ചൈതന്യമാണ് ഈശ്വരന്‍. ഈശ്വരന്‍ (ദൈവം) നാമത്തിനും രൂപത്തിനും അതീതനാണ്. എങ്കിലും ഭക്തനെ അനുഗ്രഹിക്കാന്‍ ഈശ്വരന്‍ വിവിധ രൂപങ്ങള്‍ സ്വീകരിക്കുന്നു. എത്ര രൂപം വേണമെങ്കിലും സ്വീകരിക്കാം. എത്ര ഭാവങ്ങള്‍ വേണമെങ്കിലും കൈക്കൊള്ളാം. കാറ്റ് ഇളം തെന്നലും കൊടുങ്കാറ്റും ആകുന്നതുപോലെ, വൈദ്യുതി അത് ഉപയോഗിക്കുന്നതനുസരിച്ച് വെളിച്ചവും ചൂടും തണുപ്പും ശബ്ദവും ആകുന്നതുപോലെ ഇരുമ്പ് പാത്രവും ആയുധവും തീവണ്ടി പാളവും ആകുന്നതുപോലെ, സ്വര്‍ണ്ണം ആഭരണവും ഇലക്ട്രോണിക് ഭാഗവും ആകുന്നതുപോലെ പരബ്രഹ്മവും പല രൂപം സ്വീകരിക്കുന്നതായി നമുക്ക് അനുഭവപ്പെടുന്നു. ഏതു രൂപം സ്വീകരിച്ചാലും വസ്തു ഒന്നുതന്നെ.
ഇനി സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഇതില്‍ ഓരോ രൂപത്തിനും വിവിധ ഭാവങ്ങള്‍ ഉള്ളതായി കാണാം. വെള്ളത്തിന് നീരാവിയാകാനും മഞ്ഞുകട്ടയാകാനും സാധിക്കുന്നതുപോലെ. ശിവന്‍ ജ്ഞാന മൂര്‍ത്തിയാകുമ്പോള്‍ ദക്ഷിണാമൂര്‍ത്തിയാണ്. ഘോര രൂപം കൈവരിക്കുമ്പോള്‍ അഘോര ശിവനും. ദേവി പാര്‍വതീ രൂപത്തില്‍ അമ്മയാണ്; കുടുംബിനിയുമാണ്. ഭദ്രകാളി അതിഘോര മൂര്‍ത്തിയും. യക്ഷി അനുഗ്രഹ ദായിനിയായ മോഹിനി യക്ഷിയും രക്തദാഹിയായ ഘോരമൂര്‍ത്തിയായും രൂപം പ്രാപിക്കുന്നു. ഇതെല്ലാം യഥാര്‍ത്ഥത്തില്‍ നടക്കുന്നത് ഭാവനാശാലികള്‍ ആയ മനുഷ്യരുടെ മനസ്സിലാണ്. ഈശ്വരന് (ബ്രഹ്മം) സഗുണഭാവവും നിര്‍ഗുണഭാവവും സ്വീകരിക്കാന്‍ കഴിയും. അങ്ങനെ ഒരേ ഈശ്വരന്‍ തന്നെ ഗണപതി, ശാസ്താവ്, ഭദ്രകാളി, ബ്രഹ്മാവ്, വിഷ്ണു, ശിവന്‍, മുരുകന്‍ തുടങ്ങിയ പല സഗുണ ഭാവങ്ങളിലും പല സഗുണ രൂപങ്ങളിലും ആരാധിക്കപ്പെടുന്നു. യഥാര്‍ത്ഥ ഹിന്ദു വിശ്വാസം അനുസരിച്ച് താനും ഈശ്വരനും രണ്ടല്ല, ഒന്നാണ് എന്നുള്ള ഏകത്വഭാവത്തില്‍ (Oneness) വേണം ഭക്തന്‍ ഈശ്വരനെ (ദൈവത്തെ) ആരാധിക്കാന്‍ എന്നാണ് പ്രമാണം.
മനുഷ്യര്‍ ഓരോരുത്തരുടെയും അഭിരുചികള്‍ വ്യത്യസ്തമാണ്. അവര്‍ തലമുറകളായി ആര്‍ജ്ജിച്ച സംസ്കാരങ്ങളും അവര്‍ ജനിച്ചു വളര്‍ന്നുവന്ന ചുറ്റുപാടുകളും നേടിയ അറിവും മാനസിക തലങ്ങളും ചിന്താഗതിയും സൌഹൃദ ബന്ധങ്ങളും വ്യത്യസ്തങ്ങളാണ്. അതായത്, ഭൌതികമായി ഓരോ ജീവ വസ്തുവും അജൈവ വസ്തുവും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ, ഓരോരുത്തരുടെയും അഭിരുചിക്കും മാനസികവളര്‍ച്ചക്കും അനുസൃതമായി ഈശ്വരനെ (ബ്രഹ്മം) ഏതു ഭാവത്തിലും ഏതു രൂപത്തിലും ആരാധിക്കുവാനുള്ള സ്വാതന്ത്രം ഹിന്ദുമതത്തിലുണ്ട്. അഥവാ രൂപം വേണ്ടാത്തവര്‍ക്ക് അങ്ങനെയും ആകാം. അതാണ് നിര്‍ഗുണ ബ്രഹ്മ ആരാധന. ഹിന്ദുമതത്തില്‍, പല രൂപത്തിലും ഭാവത്തിലും സാഹചര്യത്തിലുമുള്ള ഈശ്വരഭാവങ്ങള്‍ ഉടലെടുത്തത് ഇക്കാരണത്താലാണ്. അല്ലാതെ അനേകം ദൈവങ്ങള്‍ വസിക്കുന്ന, അവ തമ്മില്‍ ഉച്ച നീചത്വം പുലര്‍ത്തുന്ന ഒരു കോട്ട ഒന്നുമല്ല ഹിന്ദുമതം. യഥാര്‍ത്ഥ ഹിന്ദു വിശ്വാസം പരമമായ സ്വാതന്ത്ര്യമാണ്. താന്‍ തന്നെയാണ് ദൈവം എന്ന് തിരിച്ചറിയുന്ന പരമമായ ജ്ഞാനം.
'മുപ്പത്തി മുക്കോടി ദൈവങ്ങള്‍' എന്നത് ഒരു ആപേക്ഷികമായ കണക്കാണ്. ഒരു പക്ഷെ, യാതൊരു വിധത്തിലുള്ള ജനസംഖ്യാ കണക്കെടുപ്പുമില്ലാത്ത കാലത്ത് സ്വര്‍ഗ്ഗം, ഭൂമി, പാതാളം എന്നിവിടങ്ങളിലായി നൂറു കോടി ജനസംഖ്യ ഉണ്ടെന്നു കണക്കാക്കി അതില്‍ 33 കോടി വരുന്ന (മൂന്നിലൊന്നു ഭാഗം) മനുഷ്യര്‍ക്ക് ഓരോരുത്തര്‍ക്കും ഓരോ മൂര്‍ത്തി എന്ന അര്‍ത്ഥത്തില്‍ പൊതുവേ പറഞ്ഞു വന്ന ഒരു ആചാരമാണിത്. പ്രപഞ്ചത്തിലാകെയുള്ള ഏകദേശം നൂറു കോടി വരുന്ന ദേവന്മാര്‍, അസുരന്മാര്‍, മനുഷ്യര്‍ എന്നിവരേ മൂന്നു ഭാഗമാക്കി അതില്‍, ദേവന്മാര്‍ 33 കോടിയുണ്ട് എന്ന രീതിയില്‍ പണ്ട് കണക്കാക്കിയതാവാം എന്നും അഭിപ്രായം ഉണ്ട്. അത് മനുഷ്യ ഭാവന മാത്രമാണ്.
അഭിപ്രായം പലവിധം ഉണ്ടാകാം. ആരാധനാരീതികള്‍ വ്യത്യസ്തമാകാം. അതിന്‍റെ പേരില്‍ ഹിന്ദു മതം ബഹുദൈവ ആരാധനയുടെ മതമാണ് എന്ന് പറയുന്നത് ശുദ്ധ അബദ്ധം എന്നേപറയേണ്ടൂ. അദ്വൈതം (Advaitha) ജനിച്ച നാട്ടില്‍ തന്നെ ഇത്തരം ഒരു ആരോപണം ഉണ്ടായത് തികച്ചും വിചിത്രം തന്നെയാണ്.
തൈത്തിരീയ ഉപനിഷത്ത് ഇപ്രകാരം പറയുന്നു.
ഓം ശം നോ മിത്രഃ ശം വരുണഃ ।
ശം നോ ഭവത്വര്യ ।
ശം ന ഇന്ദ്രോ ബ്രിഹസ്പതിഃ ।
ശം നോ വിഷ്ണുരുരുക്രമഃ ।
നമോ ബ്രഹ്മണേ | നമസ്തേ വായോ ।
ത്വമേവപ്രത്യക്ഷം ബ്രഹ്മാസി ।
ത്വമേവപ്രത്യക്ഷം ബ്രഹ്മ വദിഷ്യാമി ।
ഋതം വദിഷ്യാമി സത്യം വദിഷ്യാമി ।
തന്മാവതു ।
തദ്വക്താരമവതു
അവതുമം ।
അവതു വക്താരം ।
ഓം ! ശാന്തി ! ശാന്തി ! ശാന്തിഃ
(പ്രഥമാനുവകത്തിൽ ഭിന്നഭിന്ന ശക്തികളുടെ അധിഷ്ഠിതാവായ പരബ്രഹ്മ പരമേശ്വരനെ ഭിന്നങ്ങളായ രൂപങ്ങളിലും നാമങ്ങളിലും സ്തുതിച്ചുകൊണ്ട് അദ്ദേഹത്തോട് പ്രാർത്ഥിക്കുന്നു). ആധിഭൗതിക, ആധ്യാത്മിക, ആധിദൈവിക ശക്തിയുടെ രൂപത്തിലും അതേപോലെ അവയുടെ അധിഷ്ഠിതാക്കളായ മിത്രൻ, വരുണൻ, മുതലായ ദേവതകളുടെ രൂപത്തിലും യാതൊന്നു അഖിലത്തിന്‍റെയും ആത്മാവ് അന്തര്യാമിയായ പരമേശ്വനായിരിക്കുന്നുവോ അദ്ദേഹം എല്ലാപ്രകാരത്തിലും നമുക്ക് പ്ര്യത്യക്ഷമായിരിക്കേണമേ. എല്ലാത്തിന്‍റെയും അന്തര്യാമിയായ ആ ബ്രഹ്മത്തെ നമസ്കരിക്കുന്നു
ഹിന്ദുമതത്തില്‍ ജാത്യധിഷ്ഠിത വിവേചനം പുരാതന കാലം മുതല്‍ ഉണ്ടായിരുന്നു എന്നതും തികച്ചും തെറ്റായ ആരോപണമാണ്. അതെല്ലാം ഏതാനും നൂറ്റാണ്ടുകള്‍ക്കു മുന്‍പ് മാത്രം കൂട്ടിചേര്‍ത്ത അനാചാരങ്ങള്‍ ആണ്. ഭാരതം പല സാമ്രാജ്യങ്ങളുടെയും ഭരണത്തിന്‍ കീഴില്‍ ആയിരുന്ന കാലത്തുള്ള സാമൂഹ്യ മാറ്റങ്ങള്‍ ആണ് അവ. കഠോപനിഷത്തിലെ പ്രസിദ്ധമായ ശാന്തിമന്ത്രം ഹിന്ദു മതത്തിലുണ്ടായിരുന്ന ഏകീകൃത ജീവിത സ്വഭാവത്തിന്‍റെ വ്യക്തമായ തെളിവാണ്.
ഓം സഹനാവവതു, സഹനൌ ഭുനക്തു, സഹവീര്യം കരവാവഹൈ. തേജസ്വിനാവധീതമസ്തു മാ വിദ്വിഷാവഹൈ. ഓം, ശാന്തി, ശാന്തി, ശാന്തിഃ.
No comments:
Post a Comment