Wednesday, November 14, 2018

ഹിന്ദുത്വം (The Hindu Concept)



ഭാരതം എന്ന ഉപ ഭൂഖണ്ഡം മനുഷ്യ സംസ്കാരത്തിന്‍റെയും പുരാതന നാഗരികതയുടെയും ഉറവിടമാണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്‍റെ വടക്കുപടിഞ്ഞാറ് ഭാഗത്ത്, ഇന്നത്തെ ഇന്ത്യയിലും പാകിസ്താനിലുമായി സിന്ധുനദീതടങ്ങളിൽ ബി.സി. 3300 മുതൽ ബി.സി. 1700 വരെ നിലവിലുണ്ടായിരുന്ന ജനവാസവ്യവസ്ഥയാണ് സിന്ധൂനദീതടസംസ്കാരം (The Indus Valley Civilization). വേദകാലത്തിനും സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പു തന്നെ ഈ സംസ്കാരം പ്രബലമായിരുന്നു. സിന്ധു നദിയുടെ പേരിൽ നിന്നുമാണ് ഹിന്ദു എന്ന വാക്കിന്‍റെ ഉത്ഭവം എന്നാണ് വിശ്വസിക്കപ്പെടുന്നത്. പേര്‍ഷ്യന്‍ സഞ്ചാരികളാണ് ആദ്യമായി സൈന്ധവ ജനതയെ സൂചിപ്പിക്കാന്‍ 'ഹിന്ദു' എന്ന പദം ഉപയോഗിച്ചത് എന്ന് കരുതപ്പെടുന്നു.

ഹിന്ദു എന്നത് യഥാര്‍ത്ഥത്തില്‍ മതം എന്നതിലുപരിയായി ഒരു ഇന്ത്യൻ ധാര്‍മ്മിക സംഹിത അഥവാ ഒരു ധാര്‍മ്മിക ജീവിത രീതിയാണ്. 

ഹിന്ദു ധർമം എന്നത് ഭാരത ഉപഭൂഖ ഖണ്ഡത്തിൽ ഉടലെടുത്ത മതപരവും ദാർശനികവുംസാംസ്കാരികവുമായ വ്യവസ്ഥകളുടെ ഒരു സഞ്ചയമാണ്. 

ലോകത്തിലെ ഏറ്റവും വലിയ മതങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഹിന്ദു മതം. ലോക ജനസംഖ്യയിൽ ഏകദേശം 92 കോടി ആൾക്കാർ ഹിന്ദുക്കളാണ് 

ഹിന്ദുമതത്തിലെ ദൈവസങ്കൽപ്പവും, വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും വിവിധ ദേശങ്ങളില്‍ വ്യത്യാസപ്പെട്ട് കാണാറുണ്ട്. എങ്കിലും പൊതുവായി ബ്രഹ്മം (The Brahman), പരമാത്മാവ് (The God), ഭഗവാൻ(Male Deity), ഭഗവതി (Female Deity) തുടങ്ങിയ ഈശ്വരസങ്കല്പവും ഇതേ ആരാധനാ മൂര്‍ത്തികളുടെ വിവിധ ഭാവങ്ങളിലുള്ള ദേവതാസങ്കൽപ്പങ്ങളും കാണാം. ഇതാണ് സഗുണാരാധന എന്ന് അറിയപ്പെടുന്നത്. ബ്രഹ്മം എന്ന രൂപ രഹിതവും ഗുണരഹിതവുമായ ആത്മീയ സങ്കല്‍പം ഹിന്ദുത്വത്തിലെ ഏറ്റവും ഉയര്‍ന്ന ചിന്താധാരയാണ്. ഈ ദേവതകളെ ആരാധിക്കുന്നതിന് "ഓം" എന്ന ശബ്ദം പൊതുവായി ഉപയോഗിക്കാറുണ്ട്. 

ശൈവം, വൈഷ്ണവം, ശാക്തേയം, സൌരം, കൌമാരം, ഗാണപത്യം, ചാർവാകം എന്നിവയാണ് സുപ്രധാന ചിന്താ ധാരകള്‍. ബ്രഹ്മത്തില്‍ നിന്നും രൂപം കൊള്ളുന്ന ജീവാത്മായ മനുഷ്യൻ (വിശാലമായ അര്‍ത്ഥത്തില്‍    എല്ലാ ജീവജാലങ്ങളും) സ്വധര്‍മ്മം പൂര്‍ത്തീകരിച്ച് തിരികെ പരമാത്മാവിൽ ലയിക്കുന്നത് അഥവാ മോക്ഷപ്രാപ്തിയാണ് ഹിന്ദുധർമത്തിന്‍റെ  മുഖ്യ ലക്ഷ്യമായി വിലയിരുത്തപ്പെടുന്നത്. ഈശ്വരനിൽ (The God) വിശ്വസിച്ചില്ലെങ്കില്‍ പോലും ജീവിതത്തില്‍  സത്യസന്ധതയും  ധർമ്മവും പാലിച്ചു ജീവിക്കുന്ന വ്യക്തികൾക്ക് മോക്ഷപ്രാപ്തിക്ക് അർഹതയുണ്ടെന്ന് ഭാരതീയഹൈന്ദവർ വിശ്വസിക്കുന്നു. കല്ലിലും മുള്ളിലും തൂണിലും തുരുമ്പിലും   പരമാത്മ ചൈതന്യം കുടികൊള്ളുന്നു എന്നതാണ് അടിസ്ഥാന വിശ്വാസം.   ഓരോ വ്യക്തിക്കും ഇഷ്ടമുള്ള രീതിയിൽ ഭഗവാനെ ആരാധിക്കുവാനും ആരാധിക്കാതിരിക്കാനും ഹിന്ദുധർമം അനുവദിക്കുന്നു. സ്വന്തം ആരാധനാ മൂര്‍ത്തിയെ സ്വയം  സൃഷ്ടിച്ച്  പ്രാര്‍ഥിക്കാനുള്ള സ്വാതന്ത്ര്യം മറ്റൊരു മതത്തിനും ഇല്ലാത്ത സവിശേഷതയാണ്.

1 comment:

  1. പുരുഷൻമാർ ഗൃഹത്തിൽ വിളക്കു കൊളുത്തിയാൽ ഐശ്വര്യം നശിക്കും എന്ന് പലയിടത്തായി കാണുന്നു.. ഇത് ശരിയാണോ??എന്താണിതിന്റെ വാസ്തവം?

    ReplyDelete